കൊട്ടിയൂർ: ഒച്ചകൾ കൊണ്ട് നിറഞ്ഞ സാമൂഹിക സേവനത്തിൻ്റെ കാലത്ത് നിശബ്ദ സാമുഹിക പ്രവർത്തനം നടത്തിയതിനാൽ അംഗീകരിക്കപ്പെടേണ്ടവരുടെ ലിസ്റ്റിൽ ഇടം പിടിക്കാതെ പോയ വരുടെ പട്ടികയിൽ സ്ഥാനം പിടിച്ച് കടന്നു പോയ വിജയമ്മ ടീച്ചറെ കുറിച്ച് എഴുതിയ കുറിപ്പ് ഒരു പുനർവിചിന്തനത്തിന് വഴി തുറക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ കുറിക്കേണ്ടി വരുന്നു എന്ന് പറയാം. സമൂഹത്തിൽ ആത്മാർത്ഥതയോടെ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവർ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കില്ല. സ്ഥാനമാനങ്ങളുടെ പങ്ക് വയ്ക്കുന്ന പകിട കളികളുടെ ചുറ്റളവിൽ ഉണ്ടാകില്ല. അതിനാൽ തന്നെ അവരെയൊന്നും സാധാരണ നേത്രങ്ങൾ കൊണ്ട് കാണാനോ അംഗീകരിക്കാനോ ആരും ഉണ്ടാവില്ല. അഥവാ അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് അതിന് ത്രാണിയുള്ളവരാകണമെന്നുമില്ല. ഇവിടെയിതാ വിജയമ്മ ടീച്ചർ ജീവിതത്തിൽ നിന്ന് മടങ്ങി ഓർമകളുടെ കൂടാരത്തിൽ പ്രവേശിച്ചിരിക്കുന്നു. ആരുമറിഞ്ഞില്ല, ആരെയും അറിയിക്കാതെ കടന്നു പോയ വിജയമ്മ ടീച്ചറെ സ്മരിച്ച് അനിൽ നായർ കൊട്ടിയൂർ എഴുതിയ കുറിപ്പ് കൊട്ടിയൂരിൻ്റെ മനസ്സിൽ മുറിവ് വീഴ്ത്തുകയാണ്. അനിൽ നായ എഴുതിയ കുറിപ്പ് പൂർണമായി ചുവടെകൊട്ടിയൂരിന്റെ സാമൂഹിക മുന്നേറ്റത്തിന് ജീവൻ നൽകിയ 'വിജയമ്മ ആന്റിക്ക്' കണ്ണീർ പ്രണാമം.കൊട്ടിയൂരിന്റെ മണ്ണിൽ സാമൂഹിക സേവനത്തിന്റെ വിത്തുകൾ പാകിയ ആദ്യകാല സാമൂഹ്യ പ്രവർത്തക കെ.പി. വിജയമ്മ എന്ന നാടിന്റെ പ്രിയപ്പെട്ട വിജയമ്മ ആന്റി ഓർമ്മയാകുമ്പോൾ, ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്നേഹാദരങ്ങളോടെയുള്ള കണ്ണീർ പ്രണാമം. സ്വാതന്ത്ര്യ സമര സേനാനി പത്മനാഭ പിള്ളയുടെയും പാർവ്വതിയമ്മയുടെയും മകളായി ജനിച്ച്, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടിയൂരിലേക്ക് എത്തിയ അവർ ആ നാടിന്റെ സാമൂഹിക മുന്നേറ്റത്തിൽ പകരം വെക്കാനില്ലാത്ത പങ്കുവഹിച്ചു. 1960-കളിൽ നിരവധി കുടുംബങ്ങൾ കൊട്ടിയൂരിലേക്ക് കുടിയേറിയ ആ കാലഘട്ടം അതിജീവനത്തിന്റേതായിരുന്നു.
കുടിയേറ്റ ജനതയുടെ കഷ്ടപ്പാടുകൾക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വലിയൊരാശ്വാസമായി വിജയമ്മ ആന്റിയുടെ നേതൃത്വത്തിൽ രൂപീകൃതമായ പ്രസ്ഥാനമാണ് 'കൊട്ടിയൂർ അപ്സരാ മഹിളാ സമാജം'. സ്ത്രീകളുടെ സാമൂഹ്യ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച ഈ കൂട്ടായ്മ കൊട്ടിയൂരിലെ വനിതകൾക്ക് വലിയൊരു കരുത്തായി മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ ക്ലാസുകൾ ആരംഭിച്ചും, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തിയും അവർ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. അക്കാലത്തെ കൊട്ടിയൂരിന്റെ സാംസ്കാരിക വേദികളിൽ വനിതകളുടെ ശക്തമായ പ്രാതിനിധ്യം ഈ മഹിളാ സമാജത്തിലൂടെയായിരുന്നു എന്നത് അവരുടെ സംഘാടക മികവ് വ്യക്തമാക്കുന്നു.
ദാരിദ്ര്യവും വിശപ്പും കൊട്ടിയൂരിലെ കുടിയേറ്റ കുടുംബങ്ങളെ വേട്ടയാടിയ ഒരു കാലത്ത്, വിജയമ്മ ആന്റി നടത്തിയ ഇടപെടലുകൾ അക്ഷരാർത്ഥത്തിൽ ഒരു വിസ്മയമായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങൾക്ക് 'കെയർ' (CARE) പോലുള്ള സംഘടനകളുടെയും ഗവൺമെന്റിന്റെയും സഹായത്തോടെ പോഷകാഹാരം ഉറപ്പാക്കാൻ അവർക്ക് കഴിഞ്ഞു. പട്ടികജാതി കോളനികളിൽ ഉൾപ്പെടെ ഈ സഹായം കൃത്യമായി എത്തുന്നുണ്ടെന്ന് അവർ ഉറപ്പുവരുത്തി. കുഞ്ഞുങ്ങളുടെ ആരോഗ്യ ക്ഷേമത്തിനും ഈ മനുഷ്യസ്നേഹി വലിയ പ്രാധാന്യം നൽകി. എഴുപതുകളിൽ, കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ കുത്തിവെയ്പ്പ് നൽകുന്നതിനായി മഹിളാ സമാജം പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങി അവർ ജനങ്ങളെ ബോധവൽക്കരിച്ചു.
വിദ്യാഭ്യാസ മേഖലയിലും വിജയമ്മ ആന്റിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പത്താം ക്ലാസിൽ പരാജയപ്പെട്ട് തുടർപഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കണ്ണീരൊപ്പാൻ അവർ മുന്നിട്ടിറങ്ങി. ഒരു സോഷ്യൽ വെൽഫെയർ ഓർഗനൈസേഷന്റെ സഹായത്തോടെ അത്തരം കുട്ടികൾക്കായി അവർ പ്രത്യേക കണ്ടൻസിഡ് കോഴ്സുകൾ ആരംഭിച്ചു. പരാജയപ്പെട്ട വിഷയങ്ങൾ വീണ്ടും പഠിപ്പിച്ച് അവരെ പരീക്ഷയ്ക്ക് സജ്ജരാക്കിയ ഈ പദ്ധതിയിലൂടെ ആയിരത്തോളം കുട്ടികളാണ് തങ്ങളുടെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുത്ത് ജീവിതത്തിൽ വിജയം വരിച്ചത്.
കൊട്ടിയൂരിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ഒരു നിശബ്ദ വിപ്ലവം സൃഷ്ടിച്ച ആ മഹാചേതനയാണ് ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്. സ്വന്തം ജീവിതം മറ്റുള്ളവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവെച്ച വിജയമ്മ ആന്റിയുടെയും അവർ നൽകിയ കരുത്തിന്റെയും ഓർമ്മകൾ കൊട്ടിയൂരിന്റെ ചരിത്രത്തിൽ എക്കാലവും തിളങ്ങിനിൽക്കും. ആ വലിയ കർമ്മയോഗിക്ക് ആദരവോടെ വിട.
- അനിൽ നായർ കൊട്ടിയൂർ
A tearful tribute to 'Vijayamma Aunty', who gave life to the social movement of Kottiyoor























